07:43pm 07 November 2026
NEWS
രാജ്യവിരുദ്ധ പോസ്റ്റിട്ടതിന് അറസ്റ്റിലായ സനൂഫിന് തീവ്രവാദ ബന്ധമെന്ന് പോലീസ്; രണ്ട് യുഎപിഎ കേസുകൾ
09/09/2026  05:17 PM IST
nila
രാജ്യവിരുദ്ധ പോസ്റ്റിട്ടതിന് അറസ്റ്റിലായ സനൂഫിന് തീവ്രവാദ ബന്ധമെന്ന് പോലീസ്; രണ്ട് യുഎപിഎ കേസുകൾ

കൊച്ചി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പോസ്റ്റ് പങ്കുവച്ചെന്ന കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്. സനൂഫിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് സൂചന.

മെസേജിങ് ആപ്പായ സിഗ്നലിൽ സനൂഫ് ഉൾപ്പെട്ട പ്രത്യേക ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം നിരവധി പേർ ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് ഒരു സംഘടനയ്ക്ക് രൂപം നൽകുകയും അതിനായി ഭരണഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ തയ്യാറാക്കുകയും ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ ഈ ഗ്രൂപ്പിലൂടെ ആസൂത്രണം ചെയ്തിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സനൂഫിനെതിരെ രണ്ട് യുഎപിഎ കേസുകൾ ചുമത്തിയത്.

തൊടുപുഴ മുട്ടം പോലീസാണ് ആദ്യം സനൂഫിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ടാമത്തെ യുഎപിഎ കേസിൽ സനൂഫിനൊപ്പം ആറ് പ്രതികളാണുള്ളത്. ഇവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം.

കേസിന് സംസ്ഥാനാന്തര ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

വിദേശത്തായിരുന്ന സനൂഫ് കേരളത്തിലെത്തിയതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഫോണിലെ സിഗ്നൽ ഗ്രൂപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചതോടെയാണ് തീവ്രവാദ ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img